പ്രീമിയം വാഹനങ്ങളെ പോലും വെല്ലുന്ന രീതിയില്‍ മരാസോയുടെ ഇന്റീരിയറിനെ മോടി പിടിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍. ഇതോടെ പ്രീമിയം വാഹനങ്ങളിലെ സൗകര്യങ്ങള്‍ സാധാരണ വാഹനങ്ങളിലും കൊണ്ടുവരാന്‍ കഴിമെന്ന് തെളിയിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍.
പുറംമോടിയില്‍ മാറ്റമൊന്നും വരുത്താതെ ഇന്റീരിയറിനെയാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിലും സ്റ്റിയറിങ് വീലിലും വുഡന്‍ പാനലിങ്ങ് നല്‍കിയിരിക്കുന്നതും ലെതറില്‍ തീര്‍ത്തതും 160 ഡിഗ്രിയില്‍ ചായ്ക്കാവുന്നതുമായ വീതിയുള്ള സീറ്റുകളാണ് ഒന്നാം നിരയില്‍ ഒരുക്കിയിരിക്കുന്നത്.
എന്നാല്‍, രണ്ടാം നിരയിലാണ് ആഡംബരം നിറഞ്ഞിരിക്കുന്നത്. പൂര്‍ണമായും ചായ്ക്കാവുന്ന രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് മധ്യനിരയിലുള്ളത്. ഈ രണ്ട് സീറ്റുകള്‍ക്കിടയിലായി നല്‍കിയിട്ടുള്ള പാനലില്‍ ലാപ്‌ടോപ് ടേബിള്‍, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ആംറെസ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളുടെ പിന്നിലായി രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഈ സീറ്റുകളുടെ പിന്നില്‍ നിന്നായി ഫുട്ട്‌റെസ്റ്റ് ബോഡും നല്‍കിയിട്ടുണ്ട്. മൂഡിനനുസരിച്ച് മാറ്റം വരുത്താന്‍ കഴിയുന്ന ആംബിയന്റ് ലൈറ്റുകളും ഇന്റീരിയറിനെ കൂടുതല്‍ റിച്ചാക്കുന്നുണ്ട്.
മൂന്നാം നിരയില്‍ നല്‍കിയിട്ടുള്ളത് ബഞ്ച് സീറ്റായതിനാല്‍ അതിന്റെ വശങ്ങളില്‍ ആംറെസ്റ്റ് ഉള്‍പ്പെടെ നല്‍കി സോഫയുടെ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഈ വാഹനത്തിന് ആഡംബര ഭാവം നല്‍കാന്‍ വരുന്ന ചിലവ് ഡിസി വെളിപ്പെടുത്തിയിട്ടില്ല.
മെക്കാനിക്കലായി യാതൊരു മാറ്റവുമില്ല. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 121 പിഎസ് പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.