ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 15 റണ്‍സിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഹൈദരാബാദ് തോല്‍പ്പിച്ചത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. ബൗളര്‍മാരുടെ മികവിലാണ് ഹൈദരാബാദ് ആദ്യ വിജയം നേടിയത്
ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന കെയ്ൻ വില്യംസന്റെ വരവും സ്പിന്നർ റാഷിദ് ഖാൻ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സൺറൈസേഴ്സിനു മുന്നിൽ വിജയവഴി തെളിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്. ഡൽഹിയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിച്ചു.
നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാന്റെ പ്രകടനമാണ് ഡൽഹിയുടെ നടുവൊടിച്ചത്. ടോപ് സ്കോറർ കൂടിയായ ഓപ്പണർ ശിഖർ ധവാൻ (31 പന്തിൽ 34), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (21 പന്തിൽ 17), ഋഷഭ് പന്ത് (27 പന്തിൽ 28) എന്നിവരെയാണ് റാഷിദ് ഖാൻ ‘കറക്കി വീഴ്ത്തിയത്’. പൃഥ്വി ഷാ (അഞ്ച് പന്തിൽ രണ്ട്), ഷിംമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 21), മാർക്കസ് സ്റ്റോയ്നിസ് (ഒൻപത് പന്തിൽ 11), അക്സർ പട്ടേൽ (ആറു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന പന്തിലെ സിക്സർ സഹിതം കഗീസോ റബാദ ഏഴു പന്തിൽ15 റൺസോടെയും ആൻറിച് നോർജെ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി റാഷിദ് ഖാനു പുറമെ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടും ഖലീൽ അഹമ്മദ്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.