dcc change will affect cpm parties

തിരുവനന്തപുരം: നോമിനേറ്റ് ചെയ്തതാണെങ്കിലും ഒറ്റയടിക്ക് 14 ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍മാരെ മാറ്റി പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും പ്രാധാന്യം കൊടുത്ത കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നടപടി മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലും മാറ്റത്തിന് വഴി തുറന്നേക്കും.

കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന് പോലും അടുത്ത പാര്‍ട്ടി സമ്മേളന കാലയളവില്‍ തലമുറ മാറ്റത്തെ കുറിച്ച് ഗൗരവമായി തീരുമാനിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.

കൊല്ലം, എറണാകുളം ജില്ലകളില്‍ മാത്രം ഒതുങ്ങുന്നതാണ് സിപിഎമ്മിന്റെ പുതുതലമുറ പ്രാതിനിധ്യം.

കൊല്ലത്ത് കെ.എന്‍.ബാലഗോപാലും എറണാകുളത്ത് പി.രാജീവുമാണ് ജില്ലാ സെക്രട്ടറിമാര്‍.

പ്രസിഡന്റ് പദവികളില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സെക്രട്ടറിമാരാണ് അധികാര കേന്ദ്രങ്ങള്‍. കൊല്ലത്ത് വനിതയെ ജില്ലാ പ്രസിഡന്റാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടിയും സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്.

കാരണം യുവാക്കളെന്നപോലെ സ്ത്രീകളും ഏറ്റവും അധികം അണിനിരക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ ജില്ലാ സെക്രട്ടറി ആക്കിയില്ലങ്കിലും പാര്‍ട്ടി തലപ്പത്തേക്ക് കൂടുതല്‍ വനിത നേതാക്കളെ കൊണ്ടുവരേണ്ടിവരും

കൃത്യമായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സമ്മേളനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ പാര്‍ട്ടികളാണ് സിപിഎമ്മും,സിപിഐയും. താഴെ തട്ടുമുതല്‍ നടക്കുന്ന ഈ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ മറ്റു പാര്‍ട്ടികള്‍ക്കുപോലും മാതൃകയാണ്.

പുതിയ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിമാരുടെ പാനല്‍ അവതരിപ്പിക്കുമ്പോള്‍ പുതുമുഖങ്ങള്‍ക്കും ഇനി സിപിഎമ്മിന് പ്രാമുഖ്യം നല്‍കേണ്ടി വരും.

കൊടിയ മര്‍ദ്ദനങ്ങള്‍ അനുഭവിച്ചും വലിയ പ്രവര്‍ത്തന മികവുമുളള നേതാക്കളാല്‍ സമ്പന്നമായ പാര്‍ട്ടിയായ സിപിഎമ്മിന്,നേതൃത്വം ഒരു തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ സമ്മേളനങ്ങളില്‍തന്നെ നിഷ്പ്രയാസം കഴിയുകയും ചെയ്യും.

മേല്‍ കിമ്മിറ്റി വയ്ക്കുന്ന നിര്‍ദ്ദേശത്തെ സാധാരണഗതിയില്‍ തള്ളിക്കളയാറില്ല എന്നതും സിപിഎം സമ്മേളനങ്ങളുടെ പ്രത്യേകതയാണ്.

യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗാണ് കോണ്‍ഗ്രസ്സ് തീരുമാനത്തോടെ വെട്ടിലായ മറ്റൊരു പ്രധാന പാര്‍ട്ടി.

ചിലരുടെ ‘തറവാട്ടുസ്വത്തായ’ പാര്‍ട്ടിയില്‍ യുവപ്രതിനിധ്യം വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി യൂത്ത് ലീഗിലും എഎസ്എഫിലും ഉണ്ട്.

പാര്‍ട്ടിയിലെ അസംതൃപ്തി പുകഞ്ഞ് പൊട്ടിത്തെറിയിലെത്തുമോ അതോ അപകടം കണ്ടറിഞ്ഞ് തിരുത്താന്‍ ലീഗ് നേതൃത്വം തയ്യാറാകുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

ബിജെപി, സിപിഐ, കേരള കോണ്‍ഗ്രസ്സ്, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ക്കും യുവ-വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടി ഇനി സ്വീകരിക്കേണ്ടി വരും.

Top