DCW seeks urgent hearing in Nirbhaya case

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ ശനിയാഴ്ച അര്‍ദ്ധരാത്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അവധിക്കാല ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, പ്രതിയെ ഇന്ന് മോചിപ്പിക്കുന്നത് കോടതി തടഞ്ഞില്ല. തിങ്കളാഴ്ച മൂന്നാമത്തെ കേസായാണ് ‘നിര്‍ഭയ’കേസ് പരിഗണിക്കുക.

കുട്ടിക്കുറ്റവാളി മോചിതനാകുന്നത് ഏതുവിധേനയും തടയാന്‍ വിനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാലാണ് ശനിയാഴ്ച അര്‍ദ്ധരാത്രി സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിയെ മോചനം തടയേണ്ടതിനെ സംബന്ധിച്ച് ഇരുപതോളം കാരണങ്ങളും സ്വാതി ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍,കേസ് അവധിക്കാല ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ, കേസ് സംബന്ധിച്ച കോടതി രേഖകള്‍ ഹാജരാക്കാന്‍ കോടതി രജിസ്ട്രാര്‍ ആവശ്യപ്പെടുകയുണ്ടായി.

ജുവനൈല്‍ പ്രതിയെ ഇന്ന് വൈകീട്ട് അഞ്ചിനാണ് മോചിപ്പിക്കുന്നത്. ജുവനൈല്‍ ഹോമില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ കുറ്റവാളിയുടെ മോചനം നീട്ടണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച തള്ളിയിരുന്നു.

Top