ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക ചാനലുകളിലൂടെ വെര്‍ച്വല്‍ ക്ലാസ്സുകള്‍ നടത്താനൊരുങ്ങി ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തല വിദ്യാര്‍ഥികള്‍ക്ക് കരിക്കുലം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ തയ്യാറാക്കിയത്.
10,12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ വാര്‍ഷിക പരീക്ഷയ്ക്കും വിവിധ പ്രവേശന പരീക്ഷകള്‍ക്കും സജ്ജരാക്കാനുള്ള ക്ലാസ്സുകളും ഇതുവഴി നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധര്‍ നടത്തുന്ന ക്വിസ്സ്, പഠന സെഷനുകളും ഇത്തരത്തില്‍ നടത്തുമെന്ന് ദൂരദര്‍ശനും എഐആറും അറിയിച്ചു.
കേരളം, കര്‍ണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിലവില്‍ ദൂരദര്‍ശന്‍ വഴി വെര്‍ച്വല്‍ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ദൂരദര്‍ശനില്‍ 2.30 മണിക്കൂറും റേഡിയോയില്‍ 30 മിനിറ്റുമാണ് വെര്‍ച്വല്‍ ക്ലാസ്സുകള്‍ നടത്തുക.