ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്ത്.
കളിക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടുള്ള സമയങ്ങളിലെല്ലാം അവരുടെ സഹായത്തിന് ജെയ്റ്റ്‌ലി ഉണ്ടായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ഡി.ഡി.സി.എയില്‍ താന്‍ കളിക്കുന്ന കാലത്ത് മികച്ച രീതിയിലാണ് ജെയ്റ്റ്‌ലി കളിക്കാരോട് ഇടപഴകിയിരുന്നതെന്നും സെവാഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ടീമിലേക്ക് ഏതെങ്കിലും താരത്തെ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ ജെയ്റ്റ്‌ലിയോട് പറഞ്ഞാല്‍ മതിയാവും. എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. കളിക്കാര്‍ക്ക് തെറ്റു ചെയ്താല്‍ അത് തിരുത്താനും കളിക്കാര്‍ക്ക് നീതി ലഭിക്കാനും അദ്ദേഹം മുന്‍നിരയില്‍ തന്നെ ഉണ്ടാവും. ഡി.ഡി.സി.എയിലെ മറ്റാരോടെങ്കിലും ഇതേക്കുറിച്ച് സംസാരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും സെവാഗ് പറഞ്ഞു.
2013വരെ 13 വര്‍ഷം ഡി.ഡി.സി.എയെ നയിച്ച ജെയ്റ്റ്‌ലിക്കു നേരെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സ്റ്റേഡിയം നിര്‍മാണത്തിലെ ക്രമക്കേട് ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടക്കാന്‍ ജെയ്റ്റ്‌ലിയെ നീക്കണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം.