ചാറ്റ് ജിപിടിക്ക് നേരെ ഡിഡോസ് ആക്രമണം; പ്രവര്‍ത്തനം തടസപ്പെട്ടതില്‍ ഖേദമറിയിച്ച് സാം ആള്‍ട്മാന്‍

കുറച്ച് ദിവസങ്ങളായി സെര്‍വറിന്റെ വേഗക്കുറവ് കാരണം പലര്‍ക്കും ചാറ്റ് ജിപിടി ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമറിയിച്ച് ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാറ്റ് ജിപിടിയിലേക്ക് അസാധാരണമായ ട്രാഫിക് രൂപപ്പെട്ടതായി വെളിപ്പെടുത്തി. സേവനങ്ങള്‍ തടസപ്പെടുത്താനുള്ള ഹാക്കര്‍മാരുടെ ശ്രമത്തെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസപ്പെടുന്നത്.

വെബ്സൈറ്റുകളിലേക്ക് കൃത്രിമമായി വലിയ ട്രാഫിക് സൃഷ്ടിച്ച് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുംവിധമുള്ള സൈബറാക്രമണമാണ് ഡിഡോസ് ആക്രമണം. ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിന് കാരണം ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡിഡോസ് അറ്റാക്ക് ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായി ഓപ്പണ്‍ എഐ പറയുന്നു. അസാധാരണമായ ട്രാഫിക്കാണ് ചാറ്റ് ജിപിടിയിലേക്കുണ്ടാകുന്നത്. അത് തടയാനുള്ള ശ്രമത്തിലാണ് തങ്ങള്‍. ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്സൈറ്റുകളിലെത്തുന്ന സന്ദര്‍ശകരുടെ ഇടപെടലിനെയാണ് ട്രാഫിക് എന്ന് പറയുന്നത്. ഒരു വെബ്സൈറ്റിന്റെ സെര്‍വറിന് താങ്ങാനാവുന്നതിനേക്കാള്‍ കൂടുതല്‍ ട്രാഫിക് കൃത്രിമമായി സൃഷ്ടിക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്യുക. അതോടെ വെബ്സൈറ്റിന് പ്രവര്‍ത്തിക്കാനാകാതെവരും. ബോട്ട്നെറ്റുകള്‍ ഉപയോഗിച്ച് ലക്ഷ്യമിടുന്ന വെബ്സൈറ്റിലേക്ക് അസംഖ്യം റിക്വസ്റ്റുകള്‍ അയച്ചാണ് ഹാക്കര്‍മാര്‍ ഇത് ചെയ്യുന്നത്.

ചാറ്റ് ജിപിടിയുടെ ചാറ്റ് ബോട്ടിന്റെയും എഐ ചാറ്റ്ബോട്ടുകള്‍ നിര്‍മിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയ ടൂളൂകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് ഓപ്പണ്‍ എഐ ആദ്യമായി സംഘടിപ്പിച്ച ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ജിപിടി-4 ടര്‍ബോ എന്ന വേഗമേറിയ എഐ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ കമ്പനി അവതരിപ്പിച്ചത്. ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്ന എഐ സാങ്കേതിക വിദ്യയാണ് ജിപിടി.

Top