ഗസ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളില്‍. മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഗാസ മുനമ്പില്‍ കനത്ത ആക്രമണമാണ് നടത്തുന്നത്.
‘ആശുപത്രി മോര്‍ച്ചറികളില്‍ 10 മൃതദേഹങ്ങള്‍ വരെയേ സൂക്ഷിക്കാന്‍ കഴിയൂ. അതിനാല്‍ ഞങ്ങള്‍ ഐസ്‌ക്രീം ഫാക്ടറികളില്‍ നിന്ന് ഐസ്‌ക്രീം ഫ്രീസറുകള്‍ കൊണ്ടുവന്നു’- ഷുഹാദ അല്‍ അഖ്‌സ ആശുപത്രിയിലെ ഡോക്ടര്‍ യാസര്‍ അലി പറഞ്ഞു. ഐസ്‌ക്രീം നുണയുന്ന പുഞ്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളുള്ള ട്രക്കുകളാണ് ഇന്ന് താത്ക്കാലിക മോര്‍ച്ചറികളായി മാറിയിരിക്കുന്നത്. സാധാരണയായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഐസ്‌ക്രീം എത്തിക്കാനാണ് ഈ ട്രക്കുകള്‍ ഉപയോഗിക്കുന്നത്.
ഐസ്‌ക്രീം ട്രക്കുകളും നിറഞ്ഞതോടെ മുപ്പതോളം മൃതദേഹങ്ങള്‍ ടെന്റുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ അലി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു- ‘ഗാസ മുനമ്പ് പ്രതിസന്ധിയിലാണ്. ഈ രീതിയില്‍ യുദ്ധം തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് മരിച്ചവരെ അടക്കം ചെയ്യാന്‍ കഴിയില്ല. ശ്മശാനങ്ങള്‍ ഇതിനകം നിറഞ്ഞിരിക്കുന്നു’. ഗാസ സിറ്റിയില്‍ മൃതദേഹങ്ങളുടെ കൂട്ട സംസ്‌കാരം നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് പറഞ്ഞു.