ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ബിഹാറിലും നദികളില്‍ ശവശരീരങ്ങള്‍ പൊങ്ങിയത് രാജ്യത്തെ നടുക്കിയ സംഭവമാണ്. ഇതിനു പിന്നാലെ മധ്യപ്രദേശിലും നദിയില്‍ മൃതശരീരങ്ങള്‍ പൊങ്ങിയിരിക്കുന്നു. നാല് മുതല്‍ അഞ്ച് വരെ മൃതദേഹങ്ങള്‍ നദിയില്‍ കാണപ്പെട്ടുവെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മൃതശരീരങ്ങള്‍ പൊങ്ങിയത്.
ബിഹാറിലെ ബക്‌സറില്‍ 71 മൃതദേഹങ്ങളാണ് ഗംഗയില്‍ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് നാല്‍പ്പതിലേറെ മൃതദേഹങ്ങളാണ് കിട്ടിയത്. കോവിഡ് മരണം രൂക്ഷമായതോടെ ശവശരീങ്ങള്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന് നദിയില്‍ തള്ളുന്നതാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യ്തത്. എന്നാല്‍ മധ്യപ്രദേശില്‍ കാണപ്പെട്ട മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.