കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ മുടിക്കലിലെ തോടിന് കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ താമസിച്ചതായി സൂചനയുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
വീട്ടുടമയുടെ കൈവശം താമസക്കാരുടെ പേര് വിവരങ്ങള്‍ ഇല്ലാത്തത് പൊലീസിന് തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മേതല തുരങ്കം ജംഗ്ഷന് സമീപം പ്രദേശവാസിയായ ഷാജി വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് അതിഥി തൊഴിലാളികളായ ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവിടെ പൊലീസും വിരല്‍ അടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. കുട്ടിയെ പൊതിഞ്ഞ് കൊണ്ടുപോകാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ബഡ്ഡ് ഷീറ്റിന്റെ ബാക്കി ഭാഗം വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിഥി തൊഴിലാളികളായ ജമ്പതിമാര്‍ താമസിച്ച് വന്നിരുന്ന വീട്ടില്‍ രണ്ടര വയസ്സുള്ള ഒരു ആണ്‍കുട്ടിയും ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ആയിരുന്നു ഇവര്‍ക്ക് ജോലി. എന്നാല്‍ ആരുടെയും മേല്‍വിലാസമോ പേരുവിവരങ്ങളോ വീട്ടുടമസ്ഥന്റെ കൈയ്യിലില്ല. കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടതായും കുട്ടി ഉണ്ടായതിന്റെ സന്തോഷത്തില്‍ പരിസരവാസികള്‍ക്ക് ഇവര്‍ ലഡു നല്‍കിയെന്നും വീട്ടുടമസ്ഥന്‍ ഷാജി പറഞ്ഞു. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു പ്രസവം നടന്നതെന്നാണ് കുടുംബം ഇവരോട് പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസെത്തി വിവരങ്ങള്‍ തേടിയപ്പോഴാണ് വീട്ടുടമ സംഭവമറിയുന്നത്. കരാറുകാര്‍ വഴിയാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും അതിനാല്‍ താമസക്കാരുടെ പേരോ നാടോ അറിയില്ലെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പല മേഖലകളില്‍ അന്വേഷണം തുടരുന്നതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.