കൊട്ടാരക്കര: മൃതദേഹം മാറി സംസ്‌ക്കരിക്കാനിടയായതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സംഘര്‍ഷം.
മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമായിരിക്കുന്നതെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേര്‍ന്ന് ലയണ്‍സ് ക്ലബ് മോര്‍ച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്കു കാരണമായിരിക്കുന്നത്.
കാരുവേലി മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെ(95) മൃതദേഹം ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് സംസ്‌കരിക്കുന്നതിനായി മോര്‍ച്ചറിയിലെത്തിയ ആശ്രയ ജീവനക്കാര്‍ക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാര്‍ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തു.
അതിനു ശേഷം രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് ലയണ്‍സ്‌ക്ലബ് ജീവനക്കാര്‍ക്ക് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. മൃതദേഹം മാറിപ്പോയെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷമുണ്ടാക്കിയവരെ അനുനയിപ്പിച്ചത്.