കോഴിക്കോട്: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാടായ ലക്കിടിയിലെത്തിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.
വസന്തകുമാര്‍ പഠിച്ച വയനാട് ലക്കിടിയിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്.
ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണം ഉണ്ടായതെന്നും വസന്തകുമാറിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.