ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നത് ചത്ത പന്നികളെ ; നാട്ടുകാര്‍ കയ്യോടെ പിടികൂടി

വൈക്കം: വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി ചത്ത പന്നികളെ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി.

രാത്രിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്.

ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായിലുമായ അമ്പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്.

ദുര്‍ഗന്ധം സഹിക്കവയ്യാതെ പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.

ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നതാണ് ഈ ചത്തപന്നികളെ എന്നാണ് നാട്ടുകാരുടെ ആരോപണം.

ഇവിടെനിന്നാണത്രെ കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്.

ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

ഇയാള്‍ വന്ന ബൈക്ക് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

അതേസമയം വില്‍പനക്കെത്തിച്ച പന്നികളില്‍ ജീവനുള്ളവയില്‍ പലതും രോഗബാധിതമാണന്നും കണ്ടെത്തിയിട്ടുണ്ട്.

ചത്തവയുടെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷമെ യഥാര്‍ത്ഥ കാരണം പറയാനാകുകയുള്ളുവെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

Top