സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി; ബം​ഗാളിൽ അധ്യാപകന്റെ ബൈക്ക് അടിച്ചു തകര്‍ത്ത് രക്ഷിതാക്കൾ

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെ തടഞ്ഞുവെക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർത്ഥികളെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട 30 ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് പരിപ്പ് നിറച്ചിരുന്ന പാത്രങ്ങളിലൊന്നിൽ ചത്ത പാമ്പിനെ കണ്ടത്തിയത്. അപ്പോഴേക്കും വിദ്യാർത്ഥികളിൽ പലരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു.

കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും ആശുപത്രിയിൽ എത്തിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ രോ​ഗാവസ്ഥയിലാകുന്ന സംഭവങ്ങളെക്കുറിച്ച് നിരവധി ​ഗ്രാമങ്ങളിൽ നിന്ന് പരാതികൾ ലഭിക്കാറുള്ളതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദീപാജ്ഞൻ ജന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളിൽ ഒരാളൊഴികെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ തുടരുന്ന കുട്ടി അപകട നില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ‌

സ്കൂളിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രധാനാധ്യാപകനെ രക്ഷിതാക്കൾ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും പാചകക്കാരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു

Top