കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അലന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ലഭിച്ച മൃതദേഹം അലന്റെ മാതൃസഹോദരനാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങള്‍ ഇനി ബാക്കിയുണ്ട്.
ഇതോടെ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയില്‍ 6 പേരും പ്ലാപ്പള്ളിയില്‍ അഞ്ച് പേരുമാണ് മരിച്ചത്.
ഇന്നലെ നടന്ന തെരച്ചിലില്‍ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലന്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇത് അലന്റെ പ്രായമുള്ള ആളല്ല ഇതെന്ന് സംശയം പ്രകടിപ്പിച്ചു. പിന്നീട് ഇത് ബന്ധുക്കളും ശരിവച്ചു. ലഭിച്ച മൃതദേഹം 35 വയസ്സിനു മുകളിലുള്ള ആളുടേതാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.