പള്ളി തർക്കം: വരിക്കോലിപ്പള്ളിയിൽ രഹസ്യ ശവസംസ്‌കാരം നടത്തി യാക്കോബായ വിഭാഗം

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം വരിക്കോലി പള്ളിയില്‍ രഹസ്യ ശവസംസ്‌കാരം നടത്തി. ഇന്നലെ അന്തരിച്ച യാക്കോബായ വിഭാഗക്കാരനായ പിസി പൗലോസിന്റെ മൃതദേഹമാണ് പള്ളിയ്ക്ക് പിന്‍വശത്തു കൂടി എത്തിച്ച് സംസ്‌കരിച്ചത്.

പള്ളി ഭരിയ്ക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം യാക്കോബായ വിഭാഗക്കാരനായ പൗലോസിന്റെ മൃതദേഹം പള്ളി ഗേറ്റിലൂടെ അകത്ത് കടത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗേറ്റിന് സമീപത്തൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്നാണ് പള്ളിയ്ക്ക് പിന്‍വശമുള്ള റബര്‍തോട്ടത്തിലൂടെ മതിലുകടന്നെത്തി മൃതദേഹം സംസ്‌കരിച്ചത്.

നേരത്തെ രഹസ്യമായി സെമിത്തേരിയില്‍ കടന്ന യാക്കോബായവിഭാഗം മൃതദേഹം അടക്കുന്നതിനുള്ള കുഴി തീര്‍ത്തിരുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ പാടില്ല. പൗലോസിന്റെ ശവസംസ്‌കാരത്തിന് ഓര്‍ത്തഡോക്‌സ് വൈദികന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെമിത്തേരിയുടെ പിന്‍ഭാഗത്തുകൂടെ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചത്.

Top