കൊച്ചി: പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവാ ജീവന്‍ പ്രമാണ്‍ പത്ര (ജെപിപി) 2021 ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാം. കൊറോണ വൈറസ് പകര്‍ച്ചവ്യാധയെ തുടര്‍ന്നാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇപിഎഫ്ഒ വീണ്ടും നീട്ടിയത്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധി. 35 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചത്. പ്രായമായ പെന്‍ഷണര്‍മാര്‍ക്ക് ഈ പ്രതിസന്ധിയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. സാധാരണയായി പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ 30 വരെ എപ്പോള്‍ വേണമെങ്കിലും ജെപിപി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷംവരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സാധുത. 3.65 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി), ബാങ്ക് ശാഖകള്‍, 1.36 ലക്ഷം പോസ്റ്റ് ഓഫീസുകള്‍, 1.90 ലക്ഷം പോസ്റ്റ്മാന്‍മാര്‍, ഗ്രാമീന്‍ ദക് സേവകര്‍ തുടങ്ങി നിരവധി മോഡുകളില്‍ പെന്‍ഷണര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരാവാതെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) ഡിഎല്‍സി സേവനം ലഭിക്കുന്നതിന് നാമമാത്രമായ ഫീസ് അടച്ചുകൊണ്ട് ഓണ്‍ലൈനില്‍ അഭ്യര്‍ത്ഥന സമര്‍പ്പിക്കാം.