ന്യൂഡല്‍ഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഓ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസിയെ അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയത്.
ഇത്തവണ നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.
പൂർണമായി ഓൺലൈൻ മുഖേനയാണ് ഹജ്ജ് അപേക്ഷ നല്‍കേണ്ടത്. കേരളത്തിൽ നിന്നുള്ളവരുടെ യാത്ര കൊച്ചി വഴിയായിരിക്കും. കോവിഡിനെ തുടർന്ന് 2020ലും 2021ലും ഇന്ത്യയിൽനിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നില്ല.
www.hajcommittee.gov.in, www.keralahajcommittee.org വെബ്സൈറ്റ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ HCOI എന്ന മൊബൈൽ ആപ് മുഖേനയും അപേക്ഷിക്കാം.