പ്രതിഷേധം; ഡെഫ്‌ലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് വിരേന്ദര്‍ സിങ് പത്മശ്രീ മടക്കി നൽകും

ന്യൂഡല്‍ഹി : ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് റെസ്‌ലേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) യുടെ തലപ്പത്ത് എത്തിയതിനെതിരേയുള്ള പ്രതിഷേധം തുടരുന്നു. ഡെഫ്‌ലിമ്പിക്‌സിലെ (അന്താരാഷ്ട്ര തലത്തില്‍ ബധിര കായികതാരങ്ങള്‍ക്കുള്ള വിവിധ കായികമത്സരങ്ങള്‍) ഗുസ്തി സ്വര്‍ണ മെഡല്‍ ജേതാവ് വിരേന്ദര്‍ സിങ് പത്മശ്രീ മടക്കിനല്‍കുമെന്ന് അറിയിച്ചു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കും വേണ്ടി ഞാനും പത്മശ്രീ മടക്കി നല്‍കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജീ, അങ്ങയുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെ കുറിച്ച് എനിക്ക് അഭിമാനമാണ്. എന്നിരുന്നാലും രാജ്യത്തെ വലിയ കായിതാരങ്ങളോടും തീരുമാനം കൈക്കൊള്ളാന്‍ അഭ്യര്‍ഥിക്കുകയാണ്’, സിങ് ട്വീറ്റ് ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കറെയും നീരജ് ചോപ്രയെയും ടാഗ് ചെയ്തുകൊണ്ടാണ് വിരേന്ദറിന്റെ ട്വീറ്റ്.

2005-ലെ സമ്മര്‍ ഡെഫ്‌ലിമ്പിക്‌സിലാണ് ‘ഗൂംഗാ ഫയല്‍വാന്‍’ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന വിരേന്ദര്‍ സിങ് സ്വര്‍ണം നേടിയത്. 2021-ലാണ് അദ്ദേഹത്തെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. 2015-ല്‍ അദ്ദേഹത്തിന് അര്‍ജുന അവാര്‍ഡും ലഭിച്ചിരുന്നു.

സഞ്ജയ് സിങ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുസ്തി വിടുന്നതായി പ്രഖ്യാപിച്ച് സാക്ഷി മാലിക് ബൂട്ടുകള്‍ ഉപേക്ഷിച്ചിരുന്നു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റൊരു ഗുസ്തി താരമായ ബജ്‌രംഗ് പുനിയ പത്മശ്രീ മടക്കി നല്‍കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത താരം ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരേ ലൈംഗികചൂഷണം നടത്തിയതിനാണ് ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരേ താരങ്ങള്‍ പ്രതിഷേധിച്ചത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്‍നിരയില്‍. തുടര്‍ന്ന് ബ്രിജ് ഭൂഷന് രാജിവെക്കേണ്ടി വന്നു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ബ്രിജ് ഭൂഷന്റെ ദീര്‍ഘകാല അനുയായി ആയ സഞ്ജയ് സിങ് റെസ്‌ലേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് ജയിച്ചത്.

Top