ഡീൻ കുര്യാക്കോസിന് എതിരായ കോടതിയലക്ഷ്യക്കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Dean Kuriakose

കൊച്ചി : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡീന്‍ കുര്യാക്കോസിനൊപ്പം യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളില്‍ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കില്‍ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്റെ വാദം.

അതേസമയം, മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെപ്പറ്റി അറിയില്ലെന്ന് പറയുന്നത് തെറ്റെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലുകളും പ്രതിഷേധങ്ങളും നടത്തുന്നതില്‍ തെറ്റില്ലെന്നും അത് ജനാധിപത്യപരമായ അവകാശമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണെന്നും എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് തെറ്റെന്നും കോടതി വ്യക്തമാക്കി.

Top