തൊടുപുഴ:ലോക്‌സഭയില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാക് പോര് നടന്നത്. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തുകയായിരുന്നു.
മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപിയുടെ ആരോപണം. ബിജെപി വനിത എം.പിമാര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇരുവരും മാപ്പു പറയണമെന്നാണ് ആവശ്യം. എന്നാല്‍ ബിജെപി എം.പിമാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
സ്പീക്കര്‍ക്ക് പരാതി നല്കിയ ബിജെപി രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം തിങ്കളാഴ്ചത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. മന്ത്രികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്‌പെന്‍ഡ് ചെയ്യാന്‍ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എംപിമാരായ ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ് എന്നിവരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തിങ്കളാഴ്ച സഭയില്‍ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പു നല്കിയിട്ടുണ്ട്.