വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് ഡീന്‍ എം.കെ നാരായണന്‍. ഡീന്‍ വാര്‍ഡന്‍ കൂടിയാണ്. എന്നാല്‍ വാര്‍ഡന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാര്‍ഡന്‍ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ഇതുവരെ പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ഡീന്‍ പറഞ്ഞു. സെക്യൂരിറ്റി പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല. ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡന്‍ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടില്‍ താന്‍ അവിടേക്ക് എത്തി. കുട്ടികള്‍ പൊലീസിനെയും ആംബുലന്‍സിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയില്‍ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കില്‍ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലന്‍സ് എത്തിയ ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോസ്റ്റലില്‍ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാന്‍ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്. താന്‍ ഒരു കുട്ടിയുടെ വാഹനത്തില്‍ ആംബുലന്‍സിന് പുറകെ ആശുപത്രിയില്‍ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിയ ഉടന്‍ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റില്‍ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്മിഷന്‍ ആവശ്യത്തിന് എത്തിയപ്പോള്‍ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്.
നേരത്തേ സജിന്‍ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി അപകടത്തില്‍ പെട്ട് ഐസിയുവില്‍ ആയിരുന്നു. ഉടനെ താന്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് മിംസ് ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവര്‍ പുറപ്പെട്ട് പാതിവഴിയായപ്പോള്‍ കുട്ടി മരിച്ചു. മരണവിവരം താന്‍ വീണ്ടും കുട്ടിയുടെ അച്ഛനെ വിളിച്ച് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ ബന്ധുവീട്ടിലാക്കിയ ശേഷമായിരുന്നു പിന്നീട് അച്ഛന്‍ അടക്കമുള്ളവര്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ അമ്മ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ജീവനൊടുക്കി. ആ അനുഭവം തനിക്കുണ്ട്. അതിനാലാണ് ഇതിലൊരു വീഴ്ച വരാതിരിക്കാന്‍ അടുപ്പമുള്ള ആളെ കൊണ്ട് വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. ഇങ്ങനെ തന്നെയാണ് മരണം അറിയിക്കുക. ഇതൊക്കെ മാനുഷിക പരിഗണനയുടെ കാര്യമാണ്. ഇതെല്ലാം ഡീന്‍ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല വേണ്ടതെന്നും നാരായണന്‍ പറഞ്ഞു.