ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ തപാല്‍ ജീവനക്കാരിയെ ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് കടിച്ചു കൊലപ്പെടുത്തി. യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന മെൽറോസിലെ പമേല ജെയ്ൻ റോക്ക്( 61 ) എന്ന സ്ത്രീയാണ് മരിച്ചത്. വാഹനം കേടു വന്നതിനെ തുടർന്ന് റോഡിലൂടെ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇന്റർലാച്ചൻ ലേക്ക് എസ്റ്റേറ്റ്സ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്.
പമേലയുടെ കരച്ചിൽ കേട്ടാണ് നായ്ക്കളുടെ ഉടമയും മറ്റു അയൽവാസികളും ഓടിയെത്തിയത്. തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് പമേലയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ഈ ദാരുണമായ സംഭവത്തിൽ ദുഃഖമുണ്ടെന്നും, നായയുടെ ഉടമകൾ സുരക്ഷിതമായ സ്ഥലത്തു നായയെ സൂക്ഷിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പുട്നം കൗണ്ടി ഷെരീഫ് ചീഫ് ഡെപ്യൂട്ടി കേണൽ ജോസഫ് വെൽസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷിക്കുകയാണെന്നും ഉടമയ്ക്കെതിരെ കുറ്റം ചുമത്തുമെന്നും അധികൃതർ അറിയിച്ചു. 2021ൽ യു.എസിൽ 5,400 ലധികം തപാൽ ജീവനക്കാരെ നായകള്‍ ആക്രമിച്ചിരുന്നു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആക്രമണത്തിനിരയായത്. ഇവിടെ കഴിഞ്ഞ വര്‍ഷം 201 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.