ദോഹ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച മിൻസ മറിയം ജേക്കബിന്‍റെ കുടുംബത്തിന് ആശ്വാസവുമായി ഖത്തർ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അൽ നുഐമിയെത്തി. ദോഹ അൽ വക്റയിലെ വീട്ടിലെത്തിയ മന്ത്രി മിൻസയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്. രാജ്യവും സർക്കാറും നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും അവർ ഉറപ്പുനൽകി. മാതാപിതാക്കൾക്ക് ആശ്വാസവുമായി മുഴുവൻ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങൾക്കും മന്ത്രി നന്ദി പറഞ്ഞു.
അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ടിന്‍റെയും ഫോറൻസിക് പരിശോധന ഫലത്തിന്‍റെയും അടിസ്ഥാനത്തിലാവും തുടർ നടപടികൾ സ്വീകരിക്കുക.