കോതമംഗലം: തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മരിച്ച ടോണിക്ക് വെടിയേറ്റത് അബദ്ധത്തിലെന്ന് പ്രതികളുടെ മൊഴി.
ആനയില്‍ നിന്ന് രക്ഷപ്പെടാനാണ് വെടിവെച്ചത്. അബദ്ധത്തില്‍ ടോണിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കി.
കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പൊലീസ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം രണ്ട് മലകള്‍ക്കിടയിലുള്ള കവല ഭാഗത്താണ് സംഭവം. കാട്ടില്‍ രാത്രി നായാട്ടിന് പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളില്‍ തങ്കച്ചന്റെ മകന്‍ ബേസിലിനെ (34) ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗുരുതര നില തരണം ചെയ്തു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു.
ടോണി മരിച്ചത് ആനയുടെ ആക്രമണത്തിലാണെന്നായിരുന്നു അദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിയേറ്റുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ടോണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
മരിച്ച ടോണിയുടെ ദേഹത്ത് ആനയുടെ ആക്രമണത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നില്ല. ഗുരുതര പരിക്കേറ്റ് ആലുവയില്‍ ആശുപത്രിയില്‍ കഴിയുന്ന വാട്ടപ്പിള്ളി ബേസിലിനെയും ആന ആക്രമിച്ചില്ലെന്ന് പോലീസിനും വനം വകുപ്പ് മൊഴി നല്‍കിയിരുന്നു.