തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദേശിവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം. വിവിധ വകുപ്പുകളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യമുന്നയിച്ച് മെഡി.കോളേജ് പ്രിന്‍സിപ്പാളിന് ഐജി കത്ത് നല്‍കി.
ലിഗയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുമുണ്ട്. ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, നാല് ഡിവൈഎസ്പിമാര്‍, ആറ് സി.ഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട്, കണ്‍ട്രോള്‍ റൂം, ആറ്റിങ്ങല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.