നാലുവയസുകാരിയുടെ മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

തിരുവന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പാരിപ്പള്ളി സ്വദേശി ദീപു-രമ്യ ദമ്പതികളുടെ മകള്‍ ദിയയാണ് മരിച്ചത്. മരണ കാരണം കണ്ടെത്താന്‍ വിദഗ്ദ സംഘം പരിശോധന നടത്തണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തും.

പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുട്ടിയുടെ അമ്മ കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കാലിലടക്കം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്. ആഹാരം കഴിക്കാത്തതിന്റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരിക്കുന്നത്. ഇതാണോ മരണകാരണം എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.

പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദീപുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.

Top