അതിഥി തൊഴിലാളിയുടെ മരണം; ബംഗാള്‍ സ്വദേശി പൊലീസ് പിടിയില്‍

കോഴിക്കോട്: നല്ലളം കുന്നുമ്മലില്‍ വാടകക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളി സഞ്ജയ് ദാസി (31) ന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി സ്വദേശിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ ബര്‍മാന്‍ ജില്ലയിലെ സിറാജുദ്ദീന്‍ ഷെയ്ക്കി (35) നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ ഗുരുദാസ്പൂര്‍ സ്വദേശിയാണ് മരിച്ച സഞ്ജയ് ദാസ്.

സിറാജുദ്ദീന്‍ ഷെയ്ക്ക് കെട്ടിട നിര്‍മാണ കരാറുകാരനാണ്. മറ്റു മൂന്നു തൊഴിലാളികളോടൊപ്പം നല്ലളംബസാര്‍ കുന്നുമ്മലിലെ വാടകവീട്ടിലാണ് ഇവര്‍ രണ്ടു പേരും താമസിച്ചിരുന്നത്. അടുത്തിടെയാണ് സഞ്ജയ്ദാസ് ജോലിക്കായി ഇവിടെയെത്തിയത്. കഴിഞ്ഞ ഏഴാം തിയതി ഉച്ചയോടെ സഞ്ജയ് ദാസും സിറാദുദ്ദീന്‍ ഷെയ്ക്കും മദ്യപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമായി. വടിയും മറ്റും ഉപയോഗിച്ച് സിറാജുദ്ദീന്‍ ഷെയ്ക്ക് സഞ്ജയ് ദാസിനെ മര്‍ദിക്കുകയും വയറില്‍ ചവിട്ടിയതായും കൂടെയുള്ള തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം രാവിലെ വയറുവേദന അനുഭവപ്പെട്ട സഞ്ജയ് ദാസിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് സിറാജുദ്ദീന്‍ ഡോക്ടറോട് പറഞ്ഞത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഒമ്പതാം തീയതി രാത്രി പത്തു മണിയോടെ സഞ്ജയ് മരിച്ചു.

പോസ്റ്റുമോർട്ടത്തില്‍ ചെറുകുടലിനു സംഭവിച്ച ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതിയറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നല്ലളം എസ്.ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലീസും വിലയാള വിദഗ്ധ എ.വി. ശ്രീജയുടെ നേതൃത്വത്തിന്റെ സംഘവും സംഭവം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

 

Top