തിരുനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്താനാണ് നിർദേശം. അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ നടപടികളുമാരംഭിച്ചു. വനിതാ സുഹൃത്തും മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിർദേശം. റൂറൽ എസ്.പി ഡി ശിൽപയുടെ മേൽനോട്ടത്തിൽ തന്നെ ഇവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ഇതിൽ നിന്ന് കിട്ടുന്ന സൂചന. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോണടക്കം കൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തി മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് തേടേണ്ടതുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിൽ രണ്ടു ദിവസത്തിനകം തീരുമാനമാകും.കേസിലെ പ്രധാനപ്പെട്ട തെളിവാകേണ്ട ആന്തരികാവയവ പരിശോധന ഫലം വേഗത്തിൽ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് ഷാരോണിന്റെ കുടുംബം സ്വാഗതം ചെയ്തു.