മലപ്പുറം: താനൂരിലെ വിദ്യാർഥിയുടെ അപകട മരണത്തിൽ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയിൽ കർശന നടപടി ഉണ്ടാവുമെന്ന് മലപ്പുറം ഡിഡിഇ.
സ്‌കൂൾ ബസിൽ കുട്ടികളെ സഹായിക്കാൻ കാലങ്ങളായി ആരുമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ എതിർവശത്ത് നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ചാണ് വിദ്യാർഥിനി മരിച്ചത്.
താനൂർ നന്നമ്പ്ര എസ് എൻ യു പി സ്‌കൂൾ വിദ്യാർഥിനി ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. സ്‌കൂൾ ബസിന് പിന്നിലൂടെയാണ് ഷഫ്‌ന റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഫ്‌നയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.