വിദ്യാര്‍ത്ഥിനിയുടെ മരണം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്‍. സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. അതിനിടെ, പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ എന്‍ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്‌മെന്റ് അധികൃതര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചത്.

Top