വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; ആറ് പ്രതികള്‍ അറസ്റ്റിൽ

യനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ബിവിഎസ്‌സി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിൽ. പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോളേജ് അധികൃതരും അധ്യാപക സംഘടനകളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിദ്ധാര്‍ത്ഥിനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന സംശയം കുടുംബത്തിനും സഹപാഠികള്‍ക്കും നിലനില്‍ക്കുന്നു. തൂങ്ങി മരിച്ചതിന്റെ പാടുകള്‍ക്ക് പുറമേ സിദ്ധാര്‍ത്ഥിന്റെ കഴുത്തില്‍ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ട്. കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിദ്ധാര്‍ത്ഥിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മര്‍ദ്ദിച്ചതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. ഇലക്ട്രിക് വയറിന് പുറമേ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളും ശരീരത്തുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ കാല്‍പ്പാടുകളും തള്ള വിരലിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. കസേരയില്‍ ഇരുത്തി മര്‍ദ്ദിച്ച ശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാകാനുള്ള സാധ്യതകളുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.

12 പേരാണ് നിലവില്‍ കേസിലെ പ്രതികളെങ്കിലും കൂടുതല്‍ പേര്‍ സിദ്ധാര്‍ത്ഥിനെ ആക്രമിച്ചതായാണ് സൂചന. ഈ മാസം 15ന് തിരുവനന്തപുരത്തേക്ക് തിരിച്ച സിദ്ധാര്‍ത്ഥിനെ എറണാകുളത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ കോളേജിലേക്ക് തിരികെ വിളിപ്പിച്ചു.

Top