കൊല്ലം: വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. കിരണ്‍കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
വിസ്മയയുടെ കുടുംബം നല്കിയ കാറും സ്വര്‍ണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പൊലീസ് നല്കുന്ന വിവരം. കേസില്‍ വിസ്മയയുടെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെ നേരത്തെയും കിരണ്‍ മര്‍ദിച്ചിരുന്നതായി ചില സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നത്.
അതിനിടെ, ചടയമംഗലം പൊലീസ് ഒത്തുതീര്‍പ്പാക്കിയ കിരണ്‍കുമാറിനെതിരേയുള്ള കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം വ്യാഴാഴ്ച രേഖാമൂലം പരാതി നല്‍കും. കേസ് പുനരന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വിസ്മയയുടെ വീട്ടിലെത്തിയ ഐ.ജി. ഹര്‍ഷിത അത്തല്ലൂരി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പുനരന്വേഷണം നടത്തണമെങ്കില്‍ രേഖാമൂലമുള്ള പരാതി കൂടി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.