വിസ്മയയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

കൊല്ലം: വിസ്മയ എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.

വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാര്യത്തില്‍ വ്യക്തത വരും. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് ഇരുപത്തിനാലുകാരിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.

Top