വധശിക്ഷ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് നിര്‍ഭയകേസിലെ പ്രതികള്‍

nir4

ന്യൂഡല്‍ഹി: വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ഭയ കേസിലെ പ്രതികള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വധശിക്ഷ നീതിയുടെ പേരിലുള്ള കൊലപാതകമാണെന്നാണ് പ്രതികള്‍ കോടതിയില്‍ വിശേഷിപ്പിച്ചത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. വധശിക്ഷയ്ക്കെതിരെ പ്രതികള്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദങ്ങള്‍ അടുത്ത വ്യാഴാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് അഭിഭാഷകനോടും പ്രതികളുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ലെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

മിക്ക രാജ്യങ്ങളും വധശിക്ഷകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ കൊണ്ട് കുറ്റവാളികള്‍ കൊല്ലപ്പെടുമെങ്കിലും കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ രാജ്യത്ത് വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടിയായി പറഞ്ഞു.

അതേസമയം അറസ്റ്റിലായ സമയത്ത് പ്രതികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവും എ.പി. സിങ് ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല നിര്‍ഭയ പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ തങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നതാണെന്നും ഇതെല്ലാം പരിഗണിച്ചതിന് ശേഷമാണ് 2017 മെയില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം ഡല്‍ഹിയില്‍ നടന്നത്. തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടന്നിരുന്നത്.

Top