എന്തിനു ഏതിനും നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടുന്ന കാലത്ത്… ദാ… ഒന്നുകൂടി.. ഗുരുതര അസുഖമുള്ള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍.
‘റാന്‍ഡം ഫോറസ്റ്റ്’, ‘ഡീപ് ലേണിങ്’ എന്നിങ്ങനെ പേരുനല്‍കിയിരിക്കുന്ന പുതിയ നിര്‍മിതബുദ്ധി മെഷീന്‍ ലേണിങ് മാതൃകകളുടെ പ്രവചനം നിലവില്‍ മനുഷ്യര്‍ വികസിപ്പിച്ചിട്ടുള്ളവയില്‍വെച്ച് ഏറ്റവും നൂതനവും മികവുറ്റതാണെന്നും അവകാശപ്പെടുന്നു.
ഓരോ വ്യക്തിയിലും ചികിത്സാസംബന്ധിയും ഡെമോഗ്രാഫിക്, ബയോമെട്രിക്, ജീവിതശൈലീഘടകങ്ങളും പരിഗണിച്ചാണ് ഈ നിര്‍മിതബുദ്ധി ‘മരണം’ പ്രവചിക്കുക. കൂടാതെ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടകങ്ങളും ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായി നിര്‍മ്മിത ബുദ്ധി പരിഗണിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലും കൃത്യമായി രോഗത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ഇത് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 40-നും 69-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് ആദ്യഘട്ട പഠനം നടത്തിയത്.