കാണ്‍പൂര്‍: പ്രവാസിയായ ഭര്‍ത്താവിനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷ് വംശജയ്ക്ക് വധശിക്ഷ വിധിച്ച് യുപിയിലെ കോടതി. ബ്രിട്ടീഷ്- സിഖ് വംശജയായ രമണ്‍ദീപ് കൗറിനെയാണ് ഷാജഹാന്‍പൂരിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നേരത്തെ കേസിലെ രണ്ടാം പ്രതിയും രമണ്‍ദീപ് കൗറിന്റെ സുഹൃത്തുമായ ഗുര്‍പ്രീതിന് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് രമണ്‍ദീപ് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവ് സുഖ്ജീത് സിംഗിനെ കൊലപ്പെടുത്തിയത്.
പിന്നീട് ഗുര്‍പ്രീത് നല്‍കിയ കത്തികൊണ്ട് യുവതി ഭര്‍ത്താവിന്റെ കഴുത്തറുക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ മക്കളുടെ മൊഴി പ്രകാരം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ‘അമ്മ അച്ഛനെ തലയിണ കൊണ്ട് മര്‍ദിച്ചെന്നും തുടര്‍ന്ന് ഗുര്‍പ്രീത് ചുറ്റിക കൊണ്ട് തലയില്‍ അടിച്ചെന്നും’ മക്കളിലൊരാളായ അര്‍ജുന്‍ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. അമ്മ കത്തികൊണ്ട് അച്ഛന്റെ കഴുത്ത് അറുക്കുന്നതെന്ന് കണ്ടെന്നും മകന്‍ മൊഴി നല്‍കി. അതേസമയം ഭര്‍ത്താവിന്റെ കുടുംബം തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രമണ്‍ദീപ് കൌറിന്റെ പ്രതികരണം.
സുഖ്ജീത്തും ഭാര്യയും മക്കളായ അര്‍ജുനും ആര്യനും 2016 ഓഗസ്റ്റില്‍ ആണ് ഷാജഹാന്‍പൂരിലെ വീട്ടിലെത്തിയത്. 2016 സെപ്റ്റംബര്‍ രണ്ടിനാണ് എന്‍ആര്‍ഐയും പഞ്ചാവ് സ്വദേശിയുമായ സുഖ്ജീത്തിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഇന്ത്യയിലെ സ്വത്തെല്ലാം വിറ്റ് ഇംഗ്ലണ്ടിലേക്ക് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. രാത്രി മക്കളായ അര്‍ജുന്‍, ആര്യന്‍ എന്നിവര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന സുഖ്ജീത് സിംഗിനെ രമണ്‍ദീപ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്ന ഗുര്‍പ്രീത് ചുറ്റിക കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.