ഹരിയാനയിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന ബന്ധുവിന് വധശിക്ഷ

ചണ്ഡിഗഢ് : ഹരിയാനയിൽ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന പെണ്‍കുട്ടിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗഗൻദീപ് കൗർ സിംഗ് ഉത്തരവിട്ടു.

2022 ഒക്ടോബർ 8 ന് ഹരിയാനിലെ കൈതലില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി.

പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിക്കൊപ്പം പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവം നടന്ന് 11 മാസത്തിനുള്ളില്‍ കോടതി വിധി പറഞ്ഞു. പോക്‌സോ നിയമ പ്രകാരമുള്ള കേസുകൾക്കായി രൂപീകരിച്ച അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. കുറ്റവാളി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്താല്‍ പ്രതിക്ക് മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

Top