സ്വപ്‌നയ്ക്ക് വധഭീഷണി; അന്വേഷണം നടത്തുമെന്ന് ഡിജിപി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ദക്ഷിണ മേഖല ജയില്‍ ഡിഐജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതി ഇടപെട്ട് ജയിലില്‍ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഒരു വനിത ഗാര്‍ഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളില്‍ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാര്‍പ്പിച്ചത്. ഓരോ ജയിലിലും പാര്‍പ്പിച്ചപ്പോള്‍ ആരൊക്കെ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളുണ്ട്. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍ഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കുന്നു.

Top