ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം ആയിരം കടന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേർ കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ മരണം നാനൂറായി. ഗാസയിലെ നൂറിലേറെ ഹമാസ് നേതാക്കളുടെ വീടുകൾ തകർത്തു. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിൽ ആക്രമണം തുടങ്ങിയ ഇസ്രായേൽ രണ്ടാം ദിവസം ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് 50 വർഷങ്ങൾക്ക് ശേഷം ഇസ്രയേൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിനിടെ, ഇസ്രായേലിന് അധിക സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്കയും വ്യക്തമാക്കി.
പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.