സൗദിയിൽ ഹൂതി ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് വീടുകള്‍ക്ക് നാശനഷ്ടം

റിയാദ്: സൗദി വ്യോമ പ്രതിരോധസേന തടഞ്ഞ ഹൂതി ഡ്രോണില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പതിച്ച് സൗദിയുടെ തെക്കന്‍ മേഖലയായ ജിസാനിലെ വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. ബോംബ് നിറച്ച ആളില്ലാ വിമാനവുമായെത്തിയ ഡ്രോണില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഉഹുദ് അല്‍-മസാറ ഗവര്‍ണറേറ്റിലെ ഒരു താമസ കേന്ദ്രത്തിന്റെ പരിസരത്താണ് ചിതറിവീണത്.

സംഭവത്തില്‍ ആള്‍നാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹൂതികകളാണ് യമനില്‍ നിന്നും സൗദിക്കുനേരെ ബോംബ് നിറച്ച ഡ്രോണുകള്‍ വിക്ഷേപിക്കാറുള്ളത്.

2014ല്‍ യമനിന്റെ തലസ്ഥാനമായ സന സൈന്യം പിടിച്ചെടുത്തിരുന്നു. നിലവില്‍ സമ്പന്നമായ മാരിബ് പ്രവിശ്യയില്‍ ഉള്‍പ്പെടെ, സര്‍ക്കാരിനെതിരെ യമനിലുടനീളം നിരവധി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. സമീപ ആഴ്ചകളില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമായിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തിലെത്തിക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലുടനീളമുള്ള ഹൂത്തികളോട് പോരാടുകയാണ്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ലക്ഷ്യമിടുന്ന ഹൂതികള്‍ ചെയ്യുന്നത് യുദ്ധക്കുറ്റമെന്ന് സൗദി അറേബ്യ ആരോപിച്ചു. തെക്കന്‍ സൗദി നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കിയുള്ള ഹൂതി ഡ്രോണ്‍ ചൊവ്വാഴ്ചയും സഖ്യസേന തകര്‍ത്തിരുന്നു.

 

Top