തിരുവനന്തപുരം: കൊള്ളപ്പലിശക്കാരില്‍ നിന്നു സാധാരണക്കാര്‍ക്ക് മോചനമെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. ‘മുറ്റത്തെ മുല്ല’ എന്നാണ് പദ്ധതിയുടെ പേര്. സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് വായ്പാ പദ്ധതി ഒരുക്കുന്നത്.
വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത കാട്ടുന്നവരുടെയും കൊള്ളപ്പലിശക്കാരില്‍ നിന്നു വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെയും വീട്ടിലെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുന്നതാണ് പദ്ധതി.
ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുകയും ചെയ്യും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നതാണ്.