കൊവിഡ് വ്യാപനത്തോത് കൂടിയ എട്ട് ജില്ലകളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് എട്ടുജില്ലകളെ പ്രത്യേകമായി പരിഗണിക്കാന്‍ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ അനുസരിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തുന്ന ജില്ലകളാണിവ. ഒപ്പം ഇവിടങ്ങളിലെ നിലവിലെ കോവിഡ് വ്യാപന നിലയും അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളെ കണ്ടെത്തിയത്.

സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂമില്‍നിന്നുള്ള വിവരങ്ങളാണ് പ്രധാനമായും പ്രതിരോധദൗത്യത്തില്‍ ആരോഗ്യവകുപ്പിന്റെ അവലംബം.

ഒരു മാസത്തിനുള്ളില്‍ ഒന്നരലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും. ഇവരില്‍ 70 ശതമാനവും ഈ എട്ടു ജില്ലകളിലാണ്. ഇതോടൊപ്പം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള നിശ്ശബ്ദ വ്യാപന സാധ്യതകളും ‘ശ്രദ്ധയൂന്നേണ്ട ജില്ല’കളുടെ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചു.

പൊതുവായ ഘടകങ്ങള്‍ പുറമെ അതിര്‍ത്തി പങ്കിടല്‍, സമ്പര്‍ക്കപ്പകര്‍ച്ച, കണ്ടെയ്ന്‍മന്റെ് സോണുകളുടെ എണ്ണം, പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം തുടങ്ങി മറ്റ് ഘടകങ്ങളും ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചിട്ടുണ്ട്. പട്ടികയില്‍ ആദ്യം ഇടം പിടിച്ചത് പാലക്കാടാണ്.

തമിഴ്‌നാട്ടില്‍നിന്ന് ഒളിച്ചുകടക്കുന്നതിന് നിരവധി ഊടുവഴികളും രഹസ്യപാതകളുമുണ്ടെന്ന വിലയിരുത്തലിലാണ് പാലക്കാടിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധക്ക് കാരണം. മാത്രമല്ല, കണ്ടെയ്ന്‍മന്റെ് സോണുകള്‍ ഉള്‍പ്പെടുന്നതും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതുമായ 24 തദ്ദേശ സ്ഥാപനങ്ങളാണ് പാലക്കാട്ടുള്ളത്. കണ്ടെയ്ന്‍മന്റെ് സോണുകള്‍ 41 ഉം. കണ്ണൂരില്‍ കണ്ടെയ്ന്‍മന്റെ് സോണുകള്‍ 53 എണ്ണമാണ്. തിരുവനന്തപുരത്ത് പത്തും കൊല്ലത്ത് എട്ടും മലപ്പുറത്ത് 37 ഉം തീവ്ര കോവിഡ് ബാധിത മേഖലകളാണുള്ളത്.

Top