യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകളില്‍ തീരുമാനം മെയ് 3ന് ശേഷം

ന്യൂഡല്‍ഹി: കോവിഡ് ഭീതിയില്‍ മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ രാജ്യമെമ്പാടും പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.

എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ നിയുക്ത പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ മതിയായ സമയം നല്‍കുന്ന തരത്തിലാണ് തീയതി തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷകള്‍ റദ്ദാക്കുമെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും മാറ്റിവെച്ച പരീക്ഷകളെല്ലാം പുതിയ തീയതികളില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സിവില്‍ സര്‍വീസസ്, എന്‍ജിനീയറിങ് സര്‍വീസസ്, ജിയോളജിസ്റ്റ് സര്‍വീസസ്തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികള്‍ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഈ തീയതികളില്‍ മാറ്റമുണ്ടെങ്കില്‍ യു.പി.എസ്.സി വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, ഇന്ത്യന്‍ എക്കണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, എന്‍.ഡി.എ തുടങ്ങിയ പരീക്ഷകളാണ് യു.പി.എസ്.സി മാറ്റിവെച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെയ് 3വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ട ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം ഘട്ട ലോക്ഡൗണിലാണ് രാജ്യം. രണ്ടാം ഘട്ട ലോക്ഡൗണില്‍ നിരരവധി മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top