സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം; കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക.

രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാര്‍ഗരേഖ പുറത്തിറക്കും എന്നാണ് വിവരം. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ അതാത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാം. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്.

ഒരു വശത്ത് കൊവിഡിന്റെ കുതിച്ചുകയറുന്ന വ്യാപനം, മറുവശത്ത് ഒമിക്രോണ്‍ ഭീഷണി ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചത്. ഇന്നലെ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി. പൂര്‍ണ്ണമായും സ്‌കൂളുകള്‍ അടച്ചിടേണ്ട എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് വകുപ്പ് നിര്‍ദേശിച്ചത്. അത് തന്നെയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഈ ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ ആക്കാം, അല്ലെങ്കില്‍ നിലവിലെ ക്ലാസ് സമയം കുറക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചത്. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനസമിതിയിലെ വിദഗ്ധരും അനുകൂലിച്ചതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്ന് തന്നെയാണ് ധാരണ. മാത്രമല്ല, സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഒന്നാം ടേം പരീക്ഷ പൂര്‍ത്തിയായി. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ രണ്ടാം ടേം ഉപേക്ഷിച്ച് ആദ്യം ടേം പരീക്ഷ മാത്രം നോക്കി വിലയിരുത്താനും സിബിഎസ്ഇക്ക് സാധിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സീനേഷന്‍ െ്രെഡവിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. ഇതുവരെ വാക്‌സീന്‍ എടുത്തവരുടെ കണക്ക് എടുത്ത ശേഷം വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് അതിവേഗം വാക്‌സീന്‍ നല്‍കാനാണ് നീക്കം.

Top