ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ച് കേന്ദ്രം. എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വ്വീസുകള്‍ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
യുക്രൈനിലുള്ള വിദ്യാത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിമാനസര്‍വ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
നിലവില്‍ കീവില്‍ നിന്ന് ദില്ലിയിലേക്ക് യുക്രൈനിയന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസ് ഉണ്ട്. ഷാര്‍ജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങള്‍ വഴി എയര്‍ അറേബ്യ, ഫ്‌ളൈ ദുബയ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുടെ കണക്ടിംഗ് സര്‍വ്വീസുകളുമുണ്ട്. യുക്രൈയിനിയന്‍ എയര്‍ലൈന്‍സിന്റെയും, എയര്‍ ഇന്ത്യയുടെയും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് ധാരണ. ഇക്കാര്യത്തില്‍ തീരുമാനമാകുമ്പോള്‍ അറിയിക്കും. അതുവരെ ഇപ്പോഴുള്ള സര്‍വ്വീസുകള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റ് എടുക്കാനാണ് നിര്‍ദ്ദേശം.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനും, കോഴ്‌സുകളെ ബാധിക്കാതിരിക്കാനും സര്‍വ്വകലാശാലകളുമായി എംബസി ചര്‍ച്ച നടത്തും. ദില്ലിയിലും കീവിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാന ടിക്കറ്റുകള്‍ കിട്ടാനില്ലെന്നും അടുത്തുള്ള നഗരങ്ങളില്‍ നിന്ന് സര്‍വ്വീസ് ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. പല സര്‍വ്വകലാശാലകളും കോഴ്‌സ് മുടങ്ങിയാല്‍ ഉത്തവാദിത്തം ഏല്‍ക്കില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.