ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ തീരുമാനം

dyfi11

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ തീരുമാനം. നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര്‍ ഇതോടെ പുറത്താകാനാണ് സാധ്യത. സംസ്ഥാന സമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് എ.എന്‍.ഷംസീറും സെക്രട്ടറി എം.സ്വരാജും ട്രഷറര്‍ പി.ബിജുവും സ്ഥാനമൊഴിഞ്ഞേക്കും. നേതൃത്വത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന എ.എ.റഹീം, നിതിന്‍ കണിച്ചേരി, വി.പി.റെജീന എന്നിവരുടെ സാധ്യതയും ഇതോടെ മങ്ങും.

എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, മുന്‍ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് എസ്.കെ.സജീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ് എന്നിവരിലാരെങ്കിലും ഈ സ്ഥാനങ്ങളിലെത്താനാണു സാധ്യത. 37 എന്ന പ്രായപരിധി ജില്ലാ കമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലും ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു.

പൊതുസമ്മേളന വേദിയായ കടപ്പുറത്ത് 11നു വൈകിട്ട് 6ന് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം 12, 13, 14 തീയതികളില്‍ ടഗോര്‍ ഹാളില്‍. 5 ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളും 136 വനിതകളും ഉള്‍പ്പെടെ 623 പ്രതിനിധികള്‍ പങ്കെടുക്കും. 14നു വൈകിട്ട് 4ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Top