തിരുവനന്തപുരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത അവസരത്തില്‍ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംബന്ധിച്ച് എം വിജിന്‍ എം എല്‍ എ നിയമസഭയില്‍ നേരത്തെ സബ്മിഷന്‍ അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജീവനക്കാരുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായത്.
2019-2020 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തസ്തികകള്‍ സൃഷ്ടിക്കുന്നതിനും, തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെയുള്ള കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പില്‍ ഇവര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് കിട്ടുമായിരുന്ന ശമ്ബളം പ്രൊവിഷണലായി, വേണ്ടിവന്നാല്‍ തിരിച്ചടക്കാമെന്നുള്ള വ്യവസ്ഥക്ക് സത്യവാങ്മൂലം വാങ്ങിയതിന് ശേഷം നല്‍കുന്നതിനും ധാരണയായി.
തസ്തിക സൃഷ്ടിച്ച ശേഷം നിലവിലുള്ള 22 ജീവനക്കാരില്‍ യോഗ്യതയുള്ള 19 പേരെ അധ്യാപക തസ്തികകളില്‍ നിയമിക്കുന്നതിനും, കെ ടെറ്റ് യോഗ്യതയില്ലാത്തവരും എന്നാല്‍ ബിഎഡ് യോഗ്യതയുള്ളവരുമായ ജീവനക്കാര്‍ക്ക് കെ ടെറ്റ് യോഗ്യത നേടുന്നതില്‍ ഇളവ് പരിഗണിക്കുന്നതിനും തീരുമാനമായി.
അധ്യാപക തസ്തികയുടെ ഒരു യോഗ്യതയുമില്ലാത്തവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മറ്റ് തസ്തികളിലേക്ക് പരിഗണിക്കും. കുട്ടികള്‍ക്ക് യൂണിഫോം, കിറ്റുകള്‍ എന്നിവ മറ്റ് സ്‌കൂളുകളില്‍ നല്‍കുന്നതു പോലെ നല്‍കാനും തീരുമാനമായി. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലായിരുന്ന അണ്‍ എയ്ഡഡ് സ്‌കൂളായ പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളിനെ 2019 മാര്‍ച്ച് 18 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉത്തരവായത്.