ഡൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം. കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡല്‍ഹി പൊലീസിന് കൈമാറും. കുറഞ്ഞത് രണ്ട് ലക്ഷം ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം രണ്ടാം മാസത്തിലേക്ക് കടന്നു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ രേഖാമൂലം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. അതുകൂടി ലഭിച്ച ശേഷമായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. ഇന്നുതന്നെ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി കൈമാറുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയവ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുന്നത്. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി.