തമിഴകത്ത് കമല്‍ഹാസനുമായി സഖ്യമുണ്ടാക്കാന്‍ രജനികാന്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കമലുമായി രജനിയുടെ ഉപദേശകര്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. രജനി മക്കള്‍ മണ്‍ട്രവും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ‘ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോള്‍’ എന്ന ചോദ്യമാണ് രജനി ആരാധകര്‍ ഉയര്‍ത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉടന്‍ തന്നെ രജനി പ്രഖ്യാപിക്കുമെന്നാണ് തമിഴകത്ത് നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും പരസ്പരം ഏറ്റുമുട്ടേണ്ട എന്നതാണ് രജനിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. കമല്‍ ഹാസനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും ഇതിന്റെ ഭാഗമാണ്.
രജനി പ്രഖ്യാപിച്ച ‘ആത്മീയ രാഷ്ട്രീയം’ എന്ന വാദം കമല്‍ എങ്ങനെ അംഗീകരിക്കും എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. സഖ്യം ശാശ്വതമായാല്‍ ഈ നിലപാടില്‍ നിന്നും രജനി പിന്നോട്ട് പോകാനുള്ള സാധ്യതയും കൂടുതലാണ്. ബി.ജെ.പിയെ അകറ്റി നിര്‍ത്തണമെന്നതാണ് കമലിന്റെ മറ്റൊരു നിലപാട്. ഇതിനും രജനിക്ക് മേല്‍ സമ്മര്‍ദ്ദം ഏറെയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടം മാത്രമാണ് ബി.ജെ.പിയും ലക്ഷ്യമിടുന്നത്. രജനിയുടെ സഖ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും രജനി ഭരണം പിടിച്ചു കഴിഞ്ഞാല്‍ ഒപ്പം കൂടാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് സാധ്യമാകുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യത്തോട് ഡി.എം.കെ മുന്നണി മുഖം തിരിച്ചതാണ് പുതിയ സഖ്യം തേടാന്‍ കമലിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നുമാകാന്‍ കഴിയില്ലെന്ന ബോധം രജനിക്കുമുണ്ട്.
എം.ജി.ആറിന്റെ പിന്‍ഗാമിയായി രജനിയെ ചിത്രീകരിക്കുന്ന പോസ്റ്റുകളും തമിഴകത്തിപ്പോള്‍ വ്യാപകമാണ്. ദളപതി വിജയ് യെ എം.ജി.ആറിനോട് ഉപമിച്ചതിന് പിന്നാലെയാണ് രജനി ക്യാംപും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇന്നും തമിഴകത്തെ കണ്‍കണ്ട ദൈവമാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്‍. പാവങ്ങളുടെ മുഖ്യമന്ത്രിയായാണ് എം.ജി.ആര്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അണ്ണാ ഡി.എം.കെയെ നയിച്ച ജയലളിതയും അണികളുടെ ആവേശമായിരുന്നു. ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ് അണ്ണാ ഡി.എം.കെയുള്ളത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും ജനസമ്മതി കുറവാണ്. പ്രതിപക്ഷത്ത് എം.കരുണാനിധിയുടെ വിയോഗം ഡി.എം.കെയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിനാണ് പ്രതിപക്ഷത്തിന്റെ മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥി. കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ ഡി.എം.കെക്ക് ശക്തമായ സംഘടനാ അടിത്തറയും തമിഴകത്തുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതാണ് ഡി.എം.കെ മുന്നണിയുടെ കരുത്ത്. ഒരു സീറ്റ് മാത്രമാണ് ഭരണപക്ഷത്തിന് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. 2021 തുടക്കത്തിലാണ് തമിഴകത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജയലളിതയുടെ തോഴി ശശികലയും ഈ തിരഞ്ഞെടുപ്പില്‍ കളത്തിലുണ്ടാകും. ജയിലില്‍ നിന്നും മോചിതയാകുന്ന ശശികലയുടെ വരവ് അണ്ണാ ഡി.എം.കെയെയാണ് ഇപ്പോള്‍ ചങ്കിടിപ്പിക്കുന്നത്. പാര്‍ട്ടിയെ ശശികല പിളര്‍ത്തുമോ എന്നതാണ് ഭരണപക്ഷം ഭയക്കുന്നത്.
ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരനാണ് വിജയിച്ചിരുന്നത്. ശശികലയുടെ അടുത്ത ബന്ധുകൂടിയാണ് ദിനകരന്‍. ഇരുവരും ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായ ഒരു പര്യടനമാണ് രജനിയും ലക്ഷ്യമിടുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്നത് കണ്ട് തന്നെ അറിയണം. അതേസമയം സകല മുന്നണികളെയും ആശങ്കപ്പെടുത്തുന്നത് ദളപതി വിജയ്‌യുടെ നീക്കങ്ങളാണ്. എം.ജി ആറുമായി ദളപതിയെ താരതമ്യപ്പെടുത്തുന്ന പ്രചരണം തമിഴകത്ത് വ്യാപകമാണ്. നിലവില്‍ രജനിയ്ക്ക് വേണ്ടിയും ഇത്തരം പ്രചരണമുണ്ടെങ്കിലും ദളപതിക്ക് വേണ്ടിയാണ് കൂടുതല്‍ മുറവിളി ഉയരുന്നത്. ഏറ്റവും കൂടുതല്‍ ആരാധകര്‍ തമിഴകത്തുള്ളതും ദളപതിക്കാണ്. ഈ ആരാധക കരുത്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും ചങ്കിടിപ്പിക്കുന്നത്. വിജയ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് തമിഴ് സിനിമാലോകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.